ബാംഗ്ലൂരിലെ ഇന്ദിരനാഗർ മെട്രോ സ്റ്റേഷൻ. സുഹൃത്തിനെയും നോക്കിയുള്ള കാത്തിരിപ്പാണ്. പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ സുഹൃത്തെത്തും എന്ന വാട്‌സ്ആപ്പ് സന്ദേശം എത്തി. ഒക്കെ, എന്നാൽ ഒരു ചായ കൂടി ആകാം എന്നു മനസിൽ വിചാരിച്ച് തൊട്ടടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടന്നു. നടത്തിനിടയിൽ പോക്കറ്റിൽ ഉള്ള പേഴ്സ് എടുത്തു നോക്കി. രാജസ്ഥാൻ മരുഭൂമി പോലെ ശൂന്യം. ശെരി സുഹൃത്തു വരാൻ ഇനിയും സമയം ഉണ്ടല്ലോ, എ ടി എം ഇൽ നിന്നും കുറച്ചു കാശ് എടുക്കാം.
തൊട്ടടുത്തു കണ്ട എ ടി എം മെഷീനിൽ കയറി കാശെടുത്തു. വെറും 500 ആണ് എടുത്തത്. എ ടി എം ഇൽ നിന്നും പുറത്തിറങ്ങുന്നതിനിടയിൽ ഒരു മിന്നായം പോലെ മനസിൽ അടുത്ത മാസം അടക്കേണ്ട ഇ എം ഐയെ കുറിച്ചാണ് ഓർമ വന്നത്. കിട്ടുന്ന ശമ്പളം മുഴുവനും ഇ എം ഐ കൊടുക്കുവാണല്ലോ എന്നു മനസിൽ ശപിച്ചു കൊണ്ട് ഞാൻ എ ടി എമിൽ നിന്നും പുറത്തിറങ്ങി.
സാറേ, എന്താ ഒരു വിഷമം പോലെ? സുന്ദരനും സുമുഖനും ആയ കാഷായ വസ്ത്രധാരി. 40 വയസ് പ്രായം കാണും.
ഒന്നുമില്ല, ആരാ? എനിക്ക് മനസ്സിലായില്ല.
സാറിന്റെ മനസിൽ ഇപ്പോൾ എന്താണ് എന്ന് ഞാൻ പറയട്ടെ?
ഇതെന്താ സംഭവം എന്ന മട്ടിൽ ചുറ്റും നോക്കി. ഇനി വല്ല പ്രങ്കും ആണെങ്കിലോ, ക്യാമറ വല്ലതും വച്ചിട്ടുണ്ടോ ? ചുറ്റും ഒന്നു കണ്ണോടിച്ചു.
സർ ഈ മാസം സാറിനിങ്ങനെ പോകും, പക്ഷെ അടുത്ത മാസം ആദ്യം ഇ എം ഐ എങ്ങനെ അടക്കും എന്നല്ലേ സർ ഇപ്പോൾ മനസിൽ ഓർത്തത്.
എന്റെ കണ്ണു തള്ളി പോയി
അതേ!!!!, എങ്ങനെ മനസിലായി? ഞാൻ ചോദിച്ചു.
കഷ്ടപ്പെടുന്നവനെ തിരിച്ചറിയുകയാണ് എന്റെ ധർമം. മുങ്ങി തഴുന്നവനെ കൈപിടിച്ചു ഉയർത്തുകയാണ് എന്റെ നിയോഗം. ഇനി മുതൽ സാർ ഒറ്റയ്ക്കല്ല, ഞാനും ഉണ്ട് സാറിന്റെ കൂടെ.
ഇതെന്താ ദൈവം വല്ലതും പ്രത്യക്ഷപെട്ടത് ആണോ? ഞാൻ മനസ്സിൽ ചിന്തിച്ചു.
കാവി വസ്ത്രധാരി, ഷോള്ഡറിൽ കുറുകെ തൂക്കിയിരുന്ന ബാഗിൽ നിന്നും ഒരു ഫോം എടുത്തു എന്റെ നേർക്കു നീട്ടി. സാർ, ഇതു പൂരിപ്പിക്കു. ഇതു പൂരിപ്പിച്ചു എന്നെ ഏൽപ്പിച്ചാൽ സാറിനു ഒരു ദിവസത്തിനുള്ളിൽ എത്ര രൂപ വേണേലും കിട്ടും.
മനസിലയായില്ല, ഞാൻ ഫോം കയ്യിൽ വാങ്ങി. ഫോമിൽ കൂടി ഒന്നു കണ്ണോടിച്ചു. പേർസണൽ ലോണിന്റെ ഫോം ആണ്.
സാർ പേർസണൽ ലോൺ വേണോ? വളരെ കുറഞ്ഞ പലിശ മാത്രം. ദേ ആ കാണുന്നതാണ് ബാങ്ക്. എ സി ഒക്കെ ഉണ്ട്, ഒരു പത്തു മിനിറ്റ് മതി. സാറ് വന്നാൽ അകത്തിരുന്നു ഫിൽ ചെയ്യാം.
ഇതെന്ത് എന്ന മട്ടിൽ!!! ഇപ്പോൾ ബാങ്ക് എക്സിക്യൂട്ടീവ് എല്ലാം കാഷായ വസ്ത്രധാരി ആയോ? ഞാൻ ചോദിച്ചു.
ജീവിക്കാൻ ആണ് സാറേ, സാറിനു ലോൺ വേണേൽ പത്തു മിനിറ്റ് കൊണ്ട് റെഡി ആക്കാം, അയാൾ പറഞ്ഞു.
എനിക്ക് വേണ്ട, ഞാൻ ഫോം തിരികെ കൊടുത്തു അയാൾ അതു വാങ്ങി ബാഗിൽ വച്ചു.
താങ്ക്സ്, ഞാൻ നടന്നു മുന്നോട്ട് നീങ്ങി.
അപ്പോഴേക്കും കാഷായ വസ്ത്ര എക്സിക്യൂട്ടീവ് എ ടി എമിൽ നിന്നും വരുന്ന അടുത്ത ആളെ ലക്ഷ്യമാക്കി നീങ്ങി.
ജീവിക്കാൻ ഓരോരോ വേഷങ്ങൾ എന്നു മനസിൽ വിചാരിച്ചു കൊണ്ട് ചായ കുടിക്കാൻ ഞാനും മുന്നോട്ടു നീങ്ങി.
Aneesh omana raveendran
No comments:
Post a Comment