ഇന്നലെ വൈകുന്നേരം 7 മണി
ഫോൺ ബെല്ലടിക്കുന്നു. സുഹൃത്ത് വിനോദിന്റെ നമ്പർ ആണ്. ആരെഴുവര്ഷത്തോളം ആയി തമ്മിൽ കണ്ടിട്ട്. രണ്ട് പേരും തിരക്കിൽ ആയി പോയി. ഞാൻ ഫോൺ എടുത്തു. കുറച്ചധികം നേരത്തെ സംഭാഷണത്തിന് ശേഷം അവൻ പറഞ്ഞു.
ഡാ, ഞാൻ ഇപ്പോൾ ഒരു ചാനലിലെ പ്രൈംടൈമിൽ ഉള്ള സീരിയലിന്റെ എഡിപ്പിസോഡ് പ്രൊഡ്യൂസർ ആണ്. ഞങ്ങൾ പുതിയ കുറച്ചു എഴുത്തുകാരെ നോക്കുന്നു. നിനക്ക് താല്പര്യം ഉണ്ടോ?, അവൻ ചോദിച്ചു.
സംഗതി കൊള്ളാലോ?, ടൈറ്റിലിൽ എന്റെ പേര് വയ്ക്കുമോ? ഞാൻ ചോദിച്ചു.
ഡാ, അതുണ്ടാവില്ല, ടൈറ്റിലിൽ കഥ, അല്ലേൽ തിരക്കഥ എഴുതുന്ന ഒരു പ്രമുഖ എഴുത്തുകാരന്റെ പേര്‌മാത്രമേ വയ്ക്കു. പക്ഷെ ഓരേ എപ്പിസോഡിനും നല്ല കാശ് തരാം, അവൻ പറഞ്ഞു.
കുറച്ചു നേരത്തെ സംഭാഷണത്തിന് ശേഷം ഞാൻ പാതി സമ്മതത്തോടെ, എഴുതാൻ നോക്കാം എന്നു പറഞ്ഞു.
ഡാ, പക്ഷെ ഒരു ചെറിയ കണ്ടീഷൻ ഉണ്ട്, അവൻ പറഞ്ഞു നിറുത്തി.
എന്താണ് കണ്ടീഷൻ? ഞാൻ ചോദിച്ചു.
ഞങ്ങൾ ഇപ്പോൾ ഒരു പാറ്റേണിൽ ആണ് സീരിയൽ മുന്നോട്ടു കൊണ്ടു പോകുന്നത്, ആ പാറ്റേണിൽ ഉള്ള കഥാ സന്ദർഭങ്ങൾ മാത്രമേ എഴുതാൻ പാടുള്ളൂ. അവൻ പറഞ്ഞു.
അളിയാ അതു നടക്കില്ല, ചില സീരിയലിലെ കഥാപാത്രം സാമ്പത്തികം ആയി പിന്നോക്കം നിൽക്കുന്നത് ആയിരിക്കും, പക്ഷെ ഉടുത്തിരിക്കുന്നത് കാഞ്ചീപുരം പട്ട് സാരി ആയിരിക്കും. അത്തരത്തിൽ ഉള്ള കോമളി എഴുത്തിനു ഞാൻ ഇല്ല...
ഡാ, നല്ല തുക ഓരോ എപ്പിസോഡിനും താരം., അവൻ പറഞ്ഞു.
സംഭാഷണം വീണ്ടും നീണ്ടു. അപ്പോൾ ആണ് അവൻ പറഞ്ഞത്.
ഡാ അനീഷേ, ഞങ്ങൾ ഒക്കെ സീരിയൽ ഒക്കെ ചെയ്യുന്നത് കൂലി വേല ചെയ്യുന്നത് പോലെ ആണ്.ഓരോ ആര്ടിസ്റ്റിനും ദിവസകൂലി ആണ്. കഥാ മൂല്യവും അവാർഡും നോക്കി ഇരുന്നാൽ റേറ്റിംഗിൽ താഴെ പോകും. അതോടെ സീരിയൽ നിൽക്കും. അതിനുപകരം പ്രേക്ഷകർക്കു എന്താണോ വേണ്ടത് അതു ഞങ്ങൾ കൊടുക്കുന്നു.
അവിഹിതം ആണ് വേണ്ടത് എങ്കിൽ അതു കൊടുക്കുന്നു.
കുറച്ചധികം നേരത്തെ സംഭാഷണത്തിന് ശേഷം ഞാൻ ഫോൺ വച്ചു. സീരിയൽ എഴുത്തിനു വന്ന ഓഫർ ഞാൻ വേണ്ട എന്നും വച്ചു.
ഞാൻ ഭാര്യയോട് എനിക്ക് സീരിയലിൽ കഥ എഴുതാൻ ഒരു അവസരം വന്ന കാര്യം പറഞ്ഞു.
ഹേ മനുഷ്യ നിങ്ങൾ ഫേസ്ബുക്കിൽ എഴുതി വെറുപ്പിക്കുന്നത് പോലെ സീരിയലിനും എഴുതി വെറുപികരുത്. ഇപ്പോൾ ആ സീരിയൽ കണ്ടു ഒരു രസം ഒക്കെ പിടിച്ചു വരികയാണ്. ദയവായി ആ സീരിയലിനും എഴുതി കൊളമക്കരുത്....
ഞാൻ അപ്പോൾ തുറന്ന വാ ഇതുവരെ അടച്ചിട്ടില്ല....😎😎😎😎😎
അനീഷ് ഓമന രവീന്ദ്രൻ